English| മലയാളം

ആമുഖം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലാണ് കായംകുളം നഗരസഭ സ്ഥിതി ചെയ്യുന്നത്. കീരിക്കാട്, കായംകുളം, കൃഷ്ണപുരം, പത്തിയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കായംകുളം നഗരസഭയ്ക്ക് 21.79 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത്  ചെട്ടിക്കുളങ്ങര, പത്തിയൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൃഷ്ണപുരം പഞ്ചായത്തും, തെക്കുഭാഗത്ത് കൃഷ്ണപുരം, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ദേവികുളങ്ങര പഞ്ചായത്തും, കായംകുളം കായലുമാണ് കായംകുളം നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. കായംകുളം നഗരം തീരസമതലപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കായംകുളം മുനിസിപ്പല്‍ പ്രദേശം അറബിക്കടലില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്നു. മണല്‍ നിറഞ്ഞ മണ്ണ്, ചെളി കലര്‍ന്ന മണ്ണ്, കരി മണല്‍ കലര്‍ന്ന മണ്ണ് എന്നിങ്ങനെ മൂന്ന് മണ്ണിനങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. പടിഞ്ഞാറു നിന്നും കിഴക്കോട്ട് പൊതുവേ ചരിവുള്ളതും സമതലവുമാണ് കായംകുളം നഗരം. പഴയ ഓടനാട് കരദേശം എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു കായംകുളം. ഇവിടം ക്രമേണ വികാസം പ്രാപിച്ചതിനെ തുടര്‍ന്ന് പില്‍ക്കാലത്ത് പ്രസ്തുത പ്രദേശമാകെ തലസ്ഥാനത്തിന്റെ പേരില്‍ തന്നെ അറിയപ്പെടാനാരംഭിച്ചു. 1905-ല്‍ ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി എന്ന പേരിലാണ് കായംകുളം പട്ടണത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് രൂപീകരിച്ച കമ്മിറ്റിയിലെ ഏഴ് അംഗങ്ങളേയും ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇട്ടിയവിര ആയിരുന്നു ആദ്യപ്രസിഡന്റ്. 1907-ല്‍ കായംകുളം ടൌണ്‍ മുനിസിപ്പാലിറ്റിയായി  പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 12 ജനപ്രതിനിധികള്‍ക്കൊപ്പം മൂന്ന് നോമിനേറ്റഡ് മെമ്പര്‍മാരുമുണ്ടായിരുന്നു. 1956-ല്‍ സമീപ്രദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് നഗരസഭയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ചു.

 

 പൊതുവിവരങ്ങള്‍


ജില്ല                                          : ആലപ്പുഴ 
വിസ്തീര്‍ണ്ണം                                 : 21.79 ച.കി.മി
കോഡ്                                       : M040400
വാര്‍ഡുകളുടെ എണ്ണം                   : 44
ജനസംഖ്യ                                  : 65299
പുരുഷന്മാര്‍‍                                : 31701
സ്ത്രീകള്‍‍                                      : 33598
ജനസാന്ദ്രത                                : 3082
സ്ത്രീ : പുരുഷ അനുപാതം               : 1028
മൊത്തം സാക്ഷരത                     : 91.7
സാക്ഷരത (പുരുഷന്മാര്‍ )              : 95.6
സാക്ഷരത (സ്ത്രീകള്‍ )                    : 88
Source : Census data 2001