സാമൂഹ്യ-സാംസ്കാരിക ചരിത്രം
പൌരാണികകാലത്ത് ബ്രാഹ്മണരുടെയും മറ്റ് സവര്ണ്ണവിഭാഗക്കാരുടെയും ആവാസകേന്ദ്രമായിരുന്നു കായംകുളവും പരിസരപ്രദേശങ്ങളും. പഴയ ഓടനാട് കരദേശം എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു കായംകുളം. ഇവിടം ക്രമേണ വികാസം പ്രാപിച്ചതിനെ തുടര്‍ന്ന് പില്ക്കാലത്ത് പ്രസ്തുത പ്രദേശമാകെത്തന്നെ തലസ്ഥാനത്തിന്റെ പേരില്‍ തന്നെ അറിയപ്പെടാനാരംഭിച്ചു. 16-ാം നൂറ്റാണ്ടിനു മുമ്പ് പാണ്ടിക്കാരുടെ വാണിജ്യകേന്ദ്രമായിരുന്നു ഓടനാട്. 16-ാം നൂറ്റാണ്ടില്‍ പറങ്കികള്‍ ഇവിടെ പണ്ടകശാല സ്ഥാപിച്ചതോടുകൂടിയാണ് പാണ്ടിക്കാരുടെ വ്യാപാരമേധാവിത്വം ഇവിടെ അവസാനിക്കുന്നത്. കയറുപിരിച്ചും മത്സ്യബന്ധനം നടത്തിയും മറ്റു അനുബന്ധമേഖലകളില്‍ പണിയെടുത്തും ജീവിച്ചുപോന്നവരായിരുന്നു പരമ്പരാഗതമായി ഇവിടുത്തുകാര്‍. ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്നതാണ് ഏറെ അത്ഭുതകരമായ വസ്തുത. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജ്യവിസ്തൃതിക്കായി പടയോട്ടം നടത്തുന്നതിനിടയില്‍ കായംകുളം രാജാവിനെ യുദ്ധത്തില്‍ തോല്പ്പിക്കുകയുണ്ടായി. ആ തോല്‍വിയില്‍ നിന്നുണ്ടായ നൈരാശ്യവും വൈരാഗ്യവും മൂലം, കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്നാണ് ഇതു സംബന്ധിച്ച ചരിത്രം. അങ്ങനെ നൂറുമേനി വിളയുന്ന നെല്‍പ്പാടം കായലായി രൂപാന്തരപ്പെട്ടു. 1731-ല്‍ കൊല്ലം (ദേശിങ്ങനാട് അഥവാ ജയസിംഹനാട്) രാജാവ് കായംകുളം രാജകുടുംബത്തില്‍ നിന്നും രാജകുമാരനെയും രാജകുമാരിയേയും ദത്തെടുത്തു. ഇതിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയും ദേശിങ്ങനാട്ടുരാജാവും തമ്മില്‍ യുദ്ധം നടന്നു. മാര്‍ത്താണ്ഡവര്‍മ്മ തടവിലാക്കിയ ദേശിങ്ങനാട്ട് രാജാവിനെ കായംകുളം രാജാവ് മോചിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ തമ്മിലും പല യുദ്ധങ്ങളും നടന്നു. 1741-ല്‍ തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന കുളച്ചല്‍ യുദ്ധത്തിനുശേഷം, മാര്‍ത്താണ്ഡവര്‍മ്മ വീണ്ടും കായംകുളം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇരുവരും സന്ധിയില്‍ ഏര്‍പ്പെട്ടു. ഇതിനെ 1742-ലെ “മന്നാത്തുടമ്പടി” എന്നറിയപ്പെടുന്നു. ഈ ഉടമ്പടി ലംഘിച്ച കായംകുളം രാജാവിനെ വേണാട് സൈന്യം ആക്രമിച്ചു പരാജയപ്പെടുത്തി. 1746-ല്‍ കായംകുളം തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. കൃഷ്ണപുരം കൊട്ടാരത്തിന് കായംകുളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്. ഇത് കായംകുളം രാജാവ് പണികഴിപ്പിച്ചതാണെന്നും അതല്ലാ, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്. കൃഷ്ണപുരം കൊട്ടാരം ഇന്ന് വളരെയധികം വിനോദ സഞ്ചാരികളെയും ചരിത്രകുതുകികളെയും ആകര്‍ഷിക്കുന്നയിടമാണ്. ഇവിടുത്തെ “ഗജേന്ദ്രമോക്ഷം” ചുവര്‍ച്ചിത്രം വളരെ പ്രസിദ്ധവുമാണ്. കൃഷ്ണപുരം കൃഷ്ണസ്വാമിക്ഷേത്രം, വിരളേശ്വര ക്ഷേത്രം, കരിമുട്ടത്തു ക്ഷേത്രം, എരുവയില്‍ ക്ഷേത്രം, ചേരാവള്ളി ക്ഷേത്രം എന്നിവയാണ് മറ്റു പ്രധാന ക്ഷേത്രങ്ങള്‍. പുത്തന്‍ തെരുവ് പള്ളിയും, ഷഹിദാല് പള്ളിയും മുസ്ലീങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച കദീശാപള്ളി ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആരാധനാലയമാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി ഗാന്ധിജി എത്തിയപ്പോള്‍ അദ്ദേഹം ഹരിപ്പാട് സന്ദര്‍ശിച്ചത് ഇവിടെയുള്ള ദേശസ്നേഹികള്ക്കിടയിലും ചലനമുളവാക്കിയ ചരിത്രസംഭവമാണ്. 1936-ല്‍ പുതിയിടത്ത് ആശ്രമപരിസരത്ത് നടന്ന സമ്മേളനത്തില്‍ നെഹ്രുവും, കമലാനെഹ്രുവും, ഇന്ദിരാഗാന്ധിയും പങ്കെടുത്തിരുന്നു. 1931-ലെ നിവര്‍ത്തനപ്രക്ഷോഭം, സര് സി.പിക്കെതിരെ നടന്ന സമരം എന്നിവയെല്ലാം കായംകുളത്തും പരിസരപ്രദേശങ്ങളിലും വളരെ ശക്തമായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവിനെതിരെ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും ഇവിടെയും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് പത്രങ്ങളിലൂടെ ദേശസ്നേഹപ്രചോദിതമായ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചവരും ബ്രിട്ടീഷ് ഭരണത്തിനെതിരെ നിയമലംഘനം നടത്തി ജയില്‍ശിക്ഷ അനുഭവിച്ചവരും നിരവധിയാണ്. 1947 ആഗസ്റ്റ് 15-ന് ഭാരതത്തിന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചനം ലഭിച്ചപ്പോള്‍ കായംകുളം ഗവണ്മെന്റ് സ്കൂളില്‍ വച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. 1957-ലെ വള്ളത്തൊഴിലാളിസമരം, കെ.സി.റ്റി കുടിയിറക്കുസമരം, ജന്മിമാരുടെ ചൂഷണത്തിനെതിരെ നടന്ന കര്‍ഷകസമരം എന്നിവയെല്ലാം ഇവിടെ നടന്ന സുപ്രസിദ്ധമായ ജനകീയ മുന്നേറ്റങ്ങളാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, നാലു മുസ്ലീം വിദ്യാലയങ്ങള്‍ ഇവിടെ സ്ഥാപിതമായിരുന്നു. കായംകുളം മുനിസിപ്പല്‍ ലൈബ്രറി, മഹാത്മജി സ്മാരക ഗ്രന്ഥശാല, കെ.പി.എ.സി, യുവധാര ആര്‍ട്സ് ക്ലബ്ബ് എന്നിവയാണ് ഇവിടുത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങള്‍. ആലപ്പുഴ ജില്ലയിലെ പ്രമുഖ വാണിജ്യകേന്ദ്രമാണ് കായംകുളം. പണ്ടുകാലത്ത് ഉപ്പ് സംസ്കരണത്തിനും വിപണനത്തിനും ഇവിടം പ്രസിദ്ധമായിരുന്നു. കശുവണ്ടിസംസ്കരണമാണ് ഇന്ന് കായംകുളത്തെ പ്രധാന വ്യവസായം. പരമ്പരാഗത വ്യവസായമേഖലയായ കയര്‍ നിര്‍മ്മാണം, കൂടാതെ തഴപായ് നിര്‍മ്മാണം പോലെയുള്ള കുടില്‍ വ്യവസായങ്ങള്‍ എന്നിവയും ഇവിടെ സജീവമാണ്. റോഡുഗതാഗതം, റെയില്‍ ഗതാഗതം, ജലഗതാഗതം എന്നീ മൂന്ന് ഗതാഗതമാര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. എന്‍ എച്ച്-47, പുരാതനമായ കായംകുളം-പുനലൂര്‍ റോഡ്, കായംകുളം-തിരുവല്ല റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന പ്രധാന റോഡുകള്‍.